ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യം
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം ലഭിച്ചു. റിമാന്‍ഡിലെ നാലാം ദിവസമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തിൽ യുവതിയുടെ ആക്രമണത്തില്‍ തന്നെക്കും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്‍റെ ചെവിക്ക് ഇന്‍ഫെക്ഷനും കണ്ണട പൊട്ടിയതുമുള്‍പ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കി. ഓഫീസ് അന്തരീക്ഷത്തില്‍ പെട്ടെന്ന് ഉണ്ടായ പ്രകോപനത്തിലായിരുന്നു കയ്യേറ്റം ഉണ്ടായത് എന്നും, ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ശ്യാമിലിയുടെ വലതുകവിള്‍ അടിയേറ്റ് പരിക്കേറ്റതിനെ തുടര്‍ന്നാണ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ സ്വദേശി ജെ വി ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് ഓഫിസില്‍ വച്ച് മര്‍ദിച്ചത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബെയ്‌ലിന്‍ ദാസിനെ തുമ്പ സ്റ്റേഷന്‍കടവില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.